Tuesday, March 20, 2007

ജനിമൃതികള്‍

ജനിമൃതികള്‍


ജനിമൃതികളുടെ മഹാപ്രളയത്തില്‍,
നൊമ്പരത്തിന്റെ പുറ്റുകള്‍ക്കുള്ളില്‍,
ശ്വാസം മുട്ടി മരിക്കുകയായിരുന്നു ഞാന്‍

പക്ഷെ, ശിശിരത്തിന്റെ തണുത്ത ഹൃദയത്തിലെ,
വിരഹം പാടിയാടുന്ന മഴയുടെ ഘോഷത്തിലെ,
മുജ്ജന്മ ബന്ധ ഗന്ധമെന്നെയുണര്‍ത്തിയമൃതൂട്ടി

പ്രപഞ്ചത്തിന്റെ നിമന്ത്രണത്തില്‍,
പിന്നെ കാറ്റിന്റെ മൂളലില്‍, ഞാന്‍ പോയ ജന്മത്തിലെ
പ്രിയഗാനത്തിന്റെ ഈരടികള്‍ വേര്‍തിരിച്ചു

ശൂന്യതയുടെ തണുത്ത താഴ് വരയില്‍നിന്ന്,
മോഹങ്ങളുടെ മലയില്‍ കയറിനിന്നു ഞാന്‍
നിന്റെ പ്രസാദത്തിനായ് കൈനീട്ടി

കര്‍മദോഷങ്ങളാല്‍ അശുദ്ധമായ എന്റെ
കയ്യില്‍ പ്രസാദം ചൊരിഞ്ഞു നീയീ
മുറിഞ്ഞ ഹൃദയത്തിലൊരിടം പ്രതീക്ഷിച്ചു

പക്ഷെ വേര്‍പിരിയലുകളെ മോഹിക്കുന്ന
ഈ കാറ്റ് എന്റെ വിറയ്ക്കുന്ന കരങ്ങളില്‍
നീ ചൊരിഞ്ഞ പ്രസാദം പകുത്തു മാറ്റുന്നു

പ്രതീക്ഷകളുടെ ഉയിര്‍പ്പിനോടൊപ്പം തന്നെ
അവയ്ക്കായി വിലാപഗാനം തീര്‍ക്കുന്ന
ക്രൗര്യം പേറുന്ന കാറ്റിവിടേയുമുണ്ട്

'ഒരുമിച്ചൊരു ജന്മമില്ലെ'ന്നിവിടെയും മൂളുന്ന
ഹൃദയം മരിച്ച ഈ കാറ്റിനോ-
ടിനിയും നാമെന്തു ചൊല്ലേണ്ടു?

അതിന്‍ വിലാപം തീര്‍ക്കും കുഴിയില്‍
നാമൊരുമിച്ചുറങ്ങുമ്പോള്‍ 'ഇനിയുമൊരു
ജന്മത്തില്‍ നാമൊരുമിക്കും' എന്നോ?

അതോ, തമ്മിലറിഞ്ഞിട്ടുമറിയാത്ത നാട്യത്തില്‍
തനിച്ചെന്നുമീ ജീവന്റെ കൂട്ടില്‍
കഴിഞ്ഞിടാമെന്നോ?

9 comments:

ധ്വനി said...

പ്രപഞ്ചത്തിന്റെ നിമന്ത്രണത്തില്‍,
പിന്നെ കാറ്റിന്റെ മൂളലില്‍, ഞാന്‍ പോയ ജന്മത്തിലെ
പ്രിയഗാനത്തിന്റെ ഈരടികള്‍ വേര്‍തിരിച്ചു

ഇത്തിരിവെട്ടം|Ithiri said...

ധ്വനീ നല്ല വരികള്‍...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആശംസകള്‍..! കവിത നന്നായിട്ടുണ്ട്!!

ധ്വനി said...

ഇത്തിരിവെട്ടം, സുകുമാരന്‍ ചേട്ടാ, നന്ദി!

അപ്പു said...

നല്ല വരികള്‍...
ഓ.ടോ. ഈ ആഴ്ച ആലപ്പുഴക്കാരനും, സുല്ലും, മഞ്ഞുതുള്ളിയും എല്ലാം ഇതേവിഷയം കൈകാര്യം ചെയ്യുന്നതെന്തുകൊണ്ടാണ്?

ശ്രീ said...

“പ്രപഞ്ചത്തിന്റെ നിമന്ത്രണത്തില്‍,
പിന്നെ കാറ്റിന്റെ മൂളലില്‍, ഞാന്‍ പോയ ജന്മത്തിലെ
പ്രിയഗാനത്തിന്റെ ഈരടികള്‍ വേര്‍തിരിച്ചു“

നന്നായിട്ടുണ്ട്... നല്ല വരികള്‍‌!

ധ്വനി said...

അപ്പൂ, ശ്രീ നന്ദി....

അപ്പൂസ് said...

ഹൃദയം മരിച്ച ഈ കാറ്റിനോ-
ടിനിയും നാമെന്തു ചൊല്ലേണ്ടു?
അതിന്‍ വിലാപം തീര്‍ക്കും കുഴിയില്‍
നാമൊരുമിച്ചുറങ്ങുമ്പോള്‍ 'ഇനിയുമൊരു
ജന്മത്തില്‍ നാമൊരുമിക്കും' എന്നോ
അതോ, തമ്മിലറിഞ്ഞിട്ടുമറിയാത്ത നാട്യത്തില്‍
തനിച്ചെന്നുമീ ജീവന്റെ കൂട്ടില്‍
കഴിഞ്ഞിടാമെന്നോ?

ഇഷ്ടമായി

ധ്വനി said...

നന്ദി അപ്പൂസ് :)