Tuesday, March 13, 2007

ഇടവത്തില്‍ വിരിഞ്ഞ പൂവ്

ഇടവത്തില്‍ വിരിഞ്ഞ പൂവ്



ഇന്നുകാലത്തെന്റെ ജാലകപ്പാളിയിലൊരു
പ്രാവിന്റെ പക്ഷമെന്നോടുരഞ്ഞൂ
''ഉഷസ്സിന്‍ നിലാവെട്ടമെന്നേ മറഞ്ഞിനി-
യുണര്‍വിന്റെയിളവെയില്‍ നൃത്തം...''

പാതിക്കു പാതകം ചെയ്തെന്‍ കിനാവോടു
കേണു ക്ഷമാപണം ചെയ്തുകൊണ്ടെന്‍ ചിത്തം,
ആലസം കോര്‍ത്തു മയങ്ങുമീയക്ഷിയോ-
ടോതി '' നീ കാണൂ പ്രഭാതം''

ആടലാല്‍ ഞാന്‍ തീര്‍ത്ത ശൂന്യക്കിടക്കയോ-
ടാന്തലില്‍ ഞാന്‍ യാത്രയോതി,
പാദങ്ങളെ ബാന്ധനം ചെയ്തു പേര്‍ത്തു
കൊണ്ടാടകള്‍ ചൊല്ലീ ''അരുതേ''

കേവലം ചിന്തകള്‍ കോര്‍ത്തു ഞാന്‍ മേവുന്ന
നോവിന്‍ നിലാക്കാട്ടിനോടെന്‍
ചിത്തം മുറുക്കെപ്പറഞ്ഞു '' നീ കേഴായ്ക,

ഇവളീ ദിനത്തിന്റെ പുത്രി!''


മിഴികളിലൊരു ദീപമുയിരാര്‍ന്നയറിവിന്റെ
നിറമാല ഞാനെന്റെ ചിരിയില്‍ നിവേദിച്ചി-
ട്ടൊരുവേള വിടരുന്ന കണ്ണുകള്‍ പാകി ഞാ-
നിടവവും മല്ലിട്ട പുഷ്പങ്ങളില്‍...

മിഴിനീറിയുറയാര്‍ന്ന ഹര്‍ഷങ്ങളോരോന്നും
നിറഘോഷമൊരു വേള മൃദുവാക്കിയീ മൃദു-
വാദനം ചെയ്യുന്ന ഹൃത്തിനോടോതി '' നീ
ഇന്നീ ദിനത്തിന്റെ പുത്രി!''

''ഇടവത്തില്‍ വിരിയുന്ന പുഷ്പങ്ങളെ
പ്പൊലെയിനി നീ പരത്തൂ നിറങ്ങള്‍,
പെരുമാരിയില്‍ വിറകൊള്ളുന്ന നേരത്തു-
മൊരുവേള സൗരഭ്യമേകൂ!''

5 comments:

ധ്വനി said...

കേവലം ചിന്തകള്‍ കോര്‍ത്തു ഞാന്‍ മേവുന്ന
നോവിന്‍ നിലാക്കാട്ടിനോടെന്‍
ചിത്തം മുറുക്കെപ്പറഞ്ഞു '' നീ കെഴായ്ക,
ഇവളീ ദിനത്തിന്റെ പുത്രി!''

മയൂര said...

'മിഴിനീറിയുറയാര്‍ന്ന ഹര്‍ഷങ്ങളോരോന്നും
നിറഘോഷമൊരു വേള മൃദുവാക്കിയീ മൃദു-
വാദനം ചെയ്യുന്ന ഹൃത്തിനോടോതി '' നീ
ഇന്നീ ദിനത്തിന്റെ പുത്രി!'''

നല്ല വരികള്‍:)

ശ്രീ(sobhin) said...

നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍‌...

ധ്വനി said...

നന്ദി മയൂര ഈ സന്നിദ്ധ്യത്തിനും വാക്കുകള്‍ക്കും....
ശ്രീ, നന്ദി!

കുടുംബംകലക്കി said...

'ഉഷസ്സിന്‍ നിലാവെട്ടമെന്നേ മറഞ്ഞിനി-
യുണര്‍വിന്റെയിളവെയില്‍ നൃത്തം...''

സുന്ദരം.

എന്തേ, ബ്ലോഗിലില്ലേ?